Auto

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു

Ola Electric Scooter S1, S1 Pro Launched In India

ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്കാർക്ക് സമ്മാനമായി വിപണിയില്‍ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലും എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്ന ഈ രണ്ട്‌ വേരിയന്റുകൾക്ക് ഫീച്ചറുകള്‍, റേഞ്ച്, റൈഡിങ്ങ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്.

ഉയര്‍ന്ന വേരിയന്റായ എസ്-1 പ്രോയ്ക്ക് വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് കൂടുതലായി നല്‍കിയിട്ടുള്ളത്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോർ രണ്ട് വേരിയന്റിനും ശക്തി നൽകുമ്പോൾ എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്.

എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന് ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ്. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമ്പോൾ എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂർ എടുക്കുന്നുണ്ട്.

ഒല എസ്-1 പ്രോ പത്ത് നിറങ്ങളില്‍ എത്തുമ്പോൾ എസ്-1 അഞ്ച് നിറങ്ങളില്‍ എത്തുന്നു. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ആണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇവയിൽ നൽകിയിട്ടുള്ളത്.

ഒല ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളും കോംബി ബ്രേക്ക് സംവിധാനവും മുന്നില്‍ 220 എം.എം. ഡിസ്‌കും പിന്നില്‍ 180 എം.എം. ഡിസ്‌കും നല്കിട്ടുണ്ട്.

Ola Electric Scooter Launched In India

Back to top button