
വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്.
ഉഷയുടെ ശസ്ത്രക്രിയ ഇന്നു തന്നെ ഉണ്ടായേക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു . രാവിലെ വിദഗ്ദ ഡോക്ടർമാർ എത്തിയതിന് ശേഷമായിരിക്കും എപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിയമപരമായിത്തന്നെ മുന്നോട്ടു പോകും. ഡോക്ടർക്കെതിരെ നടപടി വേണമെന്നും ആരോഗ്യമന്ത്രി ഇതുവരെ ഇടപെട്ടിട്ടില്ല എന്നും മകൻ പറഞ്ഞു. പണമില്ലാത്തതുകൊണ്ടാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. പാവപ്പെട്ടവർക്ക് മാത്രമല്ലേ കഷ്ടപ്പാട്. അല്ലാത്തവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ലല്ലോ?.മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് ഡോക്ടർമാർ പറഞ്ഞാണ് എക്സ്റേ എടുത്തത്. ഇന്ന് പൊലീസിൽ ഔദ്യോഗികമായിത്തന്നെ പരാതി നൽകുമെന്നും മകൻ പറഞ്ഞു.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.






