
പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് KSTA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കർശനായി പറയുകയും ചെയ്തു.
അതേസമയം ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിക്കുകയും ചെയ്തു. പുസ്തകം നേരത്തെ അച്ചടിച്ചിറക്കുന്നത് തുഗ്ലക്ക് പരിഷ്കാരമെന്ന ചെന്നിത്തലയുടെ പ്രസ്താവനക്കാണ് മുഖ്യമന്ത്രിയുടെ വിമർശനമേറ്റത്. പുസ്തകം നേരത്തെ അച്ചടിച്ചിറക്കിയതിനെ വിമർശിച്ച മഹാന്‍റെ മന്ത്രിസഭയുടെ കാലത്ത് പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകിയ കാര്യം ഓർക്കണമെന്നായിരുന്നു പിണറായിയുടെ പരിഹാസം.






