
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നാലുപേർക്ക് പരിക്ക്. കേരളപുരം ഗവ. ഹൈസ്കൂളിന് സമീപം മുണ്ടൻചിറ മാടൻകാവ് ജിതീഷ് ഭവനത്തിൽ ജിജികുമാർ, ഷീല ദമ്പതികളുടെ മകൻ സജിത്താണ് (25) മരിച്ചത്. സഹോദരൻ സുജിത് (19) ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിംഗ് തൊഴിലാളിയായ സജിത്ത് രണ്ടുമാസം മുമ്പാണ് വിവാഹിതനായത്.
സംഭവത്തിൽ നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്‌ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്.
സജിത്തും സഹോദരനും അച്ഛൻ്റെ സഹോദരൻ പവിത്രൻ്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയിൽ വീട്ടിലെത്തിയതായിരുന്നു. അയൽവാസിയായ ഷൈജുവുമായി തർക്കം നടക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികൾ സംഘർഷമുണ്ടാക്കിയപ്പോൾ പവിത്രൻ രക്ഷതേടി പോലീസിൽ അറിയിച്ചു. കണ്ണനല്ലൂർ പോലീസ് എത്തി ഇരുകൂട്ടരെയും താക്കീതുചെയ്‌ത് മടങ്ങിയശേഷമാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ ദീപാവലിയുടെ തലേ ദിവസം പൂത്തിരി കത്തിച്ചതിന്റെ പേരിൽ പവിത്രനെയും കുടുംബത്തെയും അയൽവാസി ആക്രമിക്കുകയും ആക്രമണ ശേഷം പവിത്രന്റെ പേരിൽ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പവിത്രന്റെ വീട്ടിലെ നായ അയൽവാസിയായ സുനിൽ രാജിന്റെ മകളെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.






