
കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ വിവാദമായ കേരള സ്റ്റോറിയ്ക്ക് രണ്ടാം ഭാഗം വരുന്നു. കേരള സ്റ്റോറി 2 എന്ന പേരിലിറങ്ങുന്ന സിനിമയുടെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2023ലാണ് കേരള സ്റ്റോറി പുറത്തിറങ്ങിയത്. കേരളത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി, വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയായിരുന്നു കേരള സ്റ്റോറി. ചിത്രം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.2026 ഫെബ്രുവരി 27നാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട് എന്നാണ് സിനിമയുടെ പേര്. കാമഖ്യ നാരായണ്‍ സിങ് ആണ് സിനിമയുടെ സംവിധാനം. ആദ്യ ഭാഗം നിര്‍മിച്ച വിപുല്‍ ഷാ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും നിര്‍മാതാവ്.
ഉല്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവര്‍ അവതരിപ്പിക്കുന്ന മൂന്ന് ഹിന്ദു മതവിശ്വാസികളിലൂടെയാണ് ടീസര്‍ കടന്നു പോകുന്നത്. പ്രണയം നടിച്ച് തങ്ങളെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയതിനെക്കുറിച്ച് മൂവരും സംസാരിക്കുന്നതാണ് ടീസര്‍. ‘നമ്മുടെ പെണ്‍കുട്ടികള്‍ പ്രണയത്തിലല്ല, കെണികളിലാണ് വീഴുന്നത്. ഇനിയും ഞങ്ങളിത് സഹിക്കില്ല. പോരാടും’ എന്ന് പറഞ്ഞു കൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.
ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രൊപ്പഗാണ്ടയാണ് ചിത്രമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. വസ്തുതയ്ക്ക് നിരക്കാത്ത, കല്ലുവച്ച നുണകള്‍ പറഞ്ഞ് കേരളത്തെക്കുറിച്ച് തെറ്റായ നരേറ്റീവുണ്ടാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും പലരും കമന്റ് ചെയ്യുന്നു.






