
പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നുമാണ് ആവശ്യം.
പെൺകുട്ടിയുടെ മരണത്തിൽ പരാതിയുമായി കുടുംബവും രംഗത്തെത്തി. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് രുദ്ര ഭയന്നിരുന്നതായി അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെ സ്കൂൾ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കുടുംബത്തിന്റെ ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു.






