
കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലയിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് സുവിശേഷ പ്രസംഗകൻ ആയും മാറിയിരുന്നു.
നക്സൽ പ്രവർത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവൽ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ,അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.






