
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി എംജി ദേവിയാണ് ഹാജരായത്.അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. മജിസ്‌ട്രേട്ട് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനോട് വാദം അടച്ചിട്ട കോടതിമുറിയില്‍ വേണോയെന്നു ചേദിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയില്‍ ആകാമെന്നു അറിയിച്ചു. കോടതിമുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം തുടങ്ങിയത്.
ഇതു സെഷന്‍സ് കോടതി പരിഗണിക്കേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ മജിസ്‌ട്രേട്ട് കോടതി ഈ കേസ് പരിഗണിക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍ ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ് ഉള്‍പ്പെടെ ഉന്നയിച്ച് മജിസ്‌ട്രേട്ട് കോടതിക്കും ഈ കേസ് പരിഗണിക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതി ഉന്നതബന്ധങ്ങളുള്ള ആളാണെന്നും വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാല്‍ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും അറിയിച്ചു.വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും എഫ്‌ഐആര്‍ ഇട്ടതെന്നുമായിരുന്നു പ്രതിഭാം വാദം. ഈ അറസ്റ്റ് നിലനില്‍ക്കുന്നതല്ല. കോടതി നിര്‍ദേശപ്രകാരമുള്ള മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണ്. നിയമസഭാംഗമാണ്. നാടുവിട്ടു പോകുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നയാളല്ലെന്നും പ്രതിഭാഗം വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നതെന്നും പ്രതിയും വാദിയുമായി നടന്നിട്ടുള്ള ചാറ്റ് വിവരങ്ങളും ശബ്ദ രേഖകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു






