
കണ്ണൂർ ഇരിട്ടി മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി (H5N1 Avian Influenza)സ്ഥിരീകരിച്ചു. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നുമാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പക്ഷിപ്പനി നിയന്ത്രണത്തിലുളള ഒരു രോഗമാണ്. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നു.പൊതുജനങ്ങൾ ആശങ്കപ്പെടാതെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്.മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.പൊതുജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.
പക്ഷികളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ
കൂട്ടമായി തൂവൽ കൊഴിയുക
മുട്ട ഇടുന്നത് കുറയുക / കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക
തീറ്റയെടുക്കാൻ മടിക്കുക, മന്ദത
പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം
ശ്വാസതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്
രോഗം മൂർഛിച്ചാൽ പക്ഷി ചത്തു പോകാം
രോഗം പകരുന്ന രീതി
രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നു.
വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം.
ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു
രോഗലക്ഷണങ്ങൾ (മനുഷ്യരിൽ)
പനി
ചുമ
ശ്വാസതടസ്സം
തൊണ്ടവേദന
ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനത്തെ ഉടൻ സമീപിക്കുക.





