BusinessIndiaNews

വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ കേന്ദ്ര ബജറ്റ്.. കേരളത്തിന് അവഗണന…

കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിച്ച് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി.സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.അപൂ‍ർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

സുസ്ഥിര സാമ്പത്തികവളര്‍ച്ച, ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുടെ വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ മൂന്ന് കർത്തവ്യങ്ങൾക്കാണ് ഊന്നലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.ആ​ഗോള ബയോ ഫാർമ ഉത്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റും, സെമി കണ്ടക്ടര്‍ മിഷന് 40000 കോടി രൂപ, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പദ്ധതികൾ, ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് 2000 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രാവ‍‌ർത്തികമാക്കുക, എല്ലാ ജില്ലകളിലും നിർബന്ധമായും വനിത ഹോസ്റ്റൽ, അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. ഇതിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുവെന്ന് ധാനകാര്യ മന്ത്രി അവകാശപ്പെട്ടു.

അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും എന്നതാണ് ജനക്ഷേമപരമായ ഒരു നടപടി. ടൂറിസം മേഖലയ്ക്ക് കാര്യമായ പരിഗണനയുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും, 10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും, ഇവർക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റുമായി ചേര്‍ന്ന് പരിശീലനം നല്‍കും, ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിൽ ട്രക്കിംഗ് – ഹൈക്കിംഗ് മേഖല എന്നിങ്ങനെയാണ് ടൂറിസം മേഖലയ്ക്കുള് പ്രഖ്യാപനങ്ങൾ. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നികുതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു ഏവരും കാത്തിരുന്നത്. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നിർമല സീതാരാമൻ അറിയിച്ചു.വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടി. ആരോഗ്യ വിദ്യാഭ്യാസത്തിനുളള ടിസിഎസ് അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കും എന്നും വിദേശ വിനോദയാത്ര പാക്കേജിനുള്ള ടിസിഎസ് രണ്ട് ശതമാനമായി കുറച്ചുവെന്നും പ്രഖ്യാപനമുണ്ടായി. വിദേശത്തേക്കു പണമയക്കുമ്പോള്‍ ബാധകമായ ടിസിഎസ് രണ്ടു ശതമാനമായി കുറക്കുന്നത് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് ഗുണമാകും. എല്‍ആര്‍എസ് എന്ന ലളിതവല്‍ക്കരിച്ച പണമയക്കല്‍ പദ്ധതി അനുസരിച്ച് രണ്ടര ലക്ഷം ഡോളര്‍ വരെ ഓരോ സാമ്പത്തിക വര്‍ഷവും വിദ്യാഭ്യാസം, യാത്ര, ചികില്‍സ, സമ്മാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് നിബന്ധനകള്‍ക്കു വിധേയമായി അയക്കാം. ഇങ്ങനെ അയക്കുമ്പോള്‍ പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ക്ക് ഉറവിടത്തില്‍ നികുതി ശേഖരിക്കുന്ന ടിസിഎസ് അഞ്ചു ശതമാനം എന്ന നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇത് രണ്ടു ശതമാനമായി കുറക്കുന്നത് വിദേശത്തു പഠിക്കുന്ന മക്കള്‍ക്കായി പണമയക്കുന്ന മാതാപിതാക്കള്‍ക്ക് ഗുണകരമാകും.

Related Articles

Back to top button