സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾകുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.
അതേസമയം ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


