IndiaNews

റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ; വിദേശത്ത് നിന്ന് എത്തിയതിന് പിന്നാലെ…

ആവശ്യപ്പെട്ട പണം നൽകാത്തതിന് റിട്ടയേർഡ് നേവൽ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കൊലപ്പെടുത്തി. സംഭവത്തിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം. ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച നവീൻ ചന്ദ്ര ഭട്ടും ഭാര്യയും ഡെന്റൽ ഡോക്ടറുമായ ശ്യാമള ഭട്ടുമാണ് സ്വന്തം വീട്ടിനകത്ത് കൊല്ലപ്പെട്ടത്. മകൻ രോഹൻ ചന്ദ്ര ഭട്ടാണ് ഇരുവരെയും കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വീട്ടിലെ ജോലിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബൗറിംഗ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ അയൽവാസിയും മണിപ്പാൽ ആശുപത്രിയിലെ ഡോക്ടറുമായ മാധവി നായർ നൽകിയ പരാതിയിൽ രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.നേരത്തെ പലപ്പോഴും മാതാപിതാക്കളുമായി കലഹിച്ചിരുന്ന രോഹൻ ഇന്നലെയും വഴക്കിട്ടിരുന്നു. ആവശ്യപ്പെട്ട 4 ലക്ഷം രൂപ നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഈ തർക്കത്തിനൊടുവിലാണ് രോഹൻ കൊലപാതകങ്ങൾ നടത്തിയത്. പണം ആവശ്യപ്പെട്ട തന്നെ മാതാപിതാക്കൾ വീട്ടിലെ ജോലിക്കാർക്ക് മുന്നിൽ മാനം കെടുത്തിയെന്നും ഈ പ്രകോപനത്താലാണ് കൊലപ്പെടുത്തിയതെന്നും രോഹൻ പൊലീസിനോട് പറഞ്ഞു. വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയ രോഹൻ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്. മുപ്പത്തിമൂന്ന് വയസാണ് ഇയാളുടെ പ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button