KeralaNews

കനത്ത പൊലീസ് വലയത്തിലും മന്ത്രിക്ക് പരിക്കേറ്റു?; കണ്ണൂരില്‍ ഇന്നലെ സംഭവിച്ചത്.. ദൃശ്യങ്ങൾ ഇല്ല…

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധം. പലയിടത്തും പ്രതിഷേധം നിലവിട്ടു. കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പാറോല്‍ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനവും അക്രമാസക്തമായി.

അതിനിടെ വീണാ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വധശ്രമ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേന പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആര്‍.പി.എഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

Related Articles

Back to top button