Kerala
ആലപ്പുഴയിൽ വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചയുടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞു

ആലപ്പുഴ: വയറുവേദനയെന്ന് പറഞ്ഞ് ഹരിപ്പാട് ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ വെന്റിലേഷൻ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാർക്കൊപ്പം ചികിത്സയ്ക്കെത്തിയ അവിവാഹിതയായ യുവതി പ്രസവിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല.
ജനൽ വഴി പുറത്തേക്ക് വീണ കുഞ്ഞിന്റെ ദീനമായ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരയിറ്റുന്ന ആ ദാരുണ ദൃശ്യം കണ്ടത്. ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിൽ കുഞ്ഞിനെ ഉടൻ തന്നെ സുരക്ഷിതമായി വീണ്ടെടുത്തു. നിലവിൽ നവജാതശിശുവിനെയും അമ്മയെയും വിദഗ്ധ പരിചരണങ്ങൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.





