തിരുവനന്തപുരം: റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് സുജലം പദ്ധതി നടപ്പാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിലെ ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.
സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ഒരു ലിറ്റര്‍ കുപ്പി കുടിവെള്ളം 10 രൂപയ്ക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധീനതയില്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍കടകള്‍ വഴി വില്‍പന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
Bottled water through ration shops