
ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്. അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ആണോ നല്ലത്.നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്‌ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്‌ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്.
അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്‌സിറ്റുകൾ തടയാനും എസ്‌ഐപികൾ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.ആശയം നിസ്സാരമായി തോന്നാമെങ്കിലും, എസ്‌ഐപിയുടെ ശക്തി അതിന്റെ കോമ്പൗണ്ടിങ്ങാണ്. 100 രൂപയുടെ ചെറിയ പ്രതിമാസ നിക്ഷേപം പോലും വർഷങ്ങൾ കൊണ്ട് ഗണ്യമായി വളരും.പ്രതിമാസം 1,000 രൂപ വീതം എസ്‌ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ 30 വർഷം കൊണ്ട് നിക്ഷേപം 34.9 ലക്ഷം രൂപയായി വളരും. 30 വർഷത്തിനിടെ 360 മാസത്തെ എസ്ഐപി വഴി നിക്ഷേപിക്കുന്നത് വെറും 3.6 ലക്ഷം രൂപയാണ്.
കാലയളവ് ചുരുക്കുകയാണെങ്കിൽ സമ്പാദ്യവും ചുരുങ്ങും. 20 വർഷത്തേക്ക് എസ്ഐപി വഴി പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 12 ശതമാനം റിട്ടേൺ ലഭിച്ചാൽ പോർട്ട്ഫോളിയോ മൂല്യം 9.89 ലക്ഷം രൂപയായിരിക്കും. ഇക്കാലയളവിൽ നിക്ഷേപിക്കുന്നത് 2.40 ലക്ഷം രൂപയാണ്. 1000 രൂപയുടെ എസ്ഐപി 10 വർഷത്തേക്കാണെങ്കിൽ 1.20 ലക്ഷത്തിന്റെ നിക്ഷേത്തിൽ നിന്ന് 2,30,038 രൂപ സമ്പാദിക്കാൻ സാധിക്കും.





