
നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പ്രണയദിനമായ ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോർട്ടുകൾ. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ അടുത്തവൃത്തങ്ങൾ. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും നടന്റെ അടുത്തവൃത്തങ്ങളിൽ ഒരാൾ വ്യക്തമാക്കി. ‘തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചാരണമാണ്. അതിൽ വീഴരുത്’, എന്നാണ് നടന്റെ അടുത്തവൃത്തത്തെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയാനും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇരുവരും തമ്മിലെ വിവാഹ അഭ്യൂഹങ്ങൾക്ക് വിരാമമായതും റിപ്പോർട്ട് അവകാശപ്പെടുന്നു. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്. മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു.എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി.
ധനുഷ് ചിത്രം ‘തേരെ ഇഷ്‌ക് മേ’യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.






