KeralaNews

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; അച്ഛൻ കുറ്റം സമ്മതിച്ചു..

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണത്തിലെ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി. നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസ്സുകാരൻ മരിച്ചത്. മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ കുറ്റസമ്മതം.

പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് കണ്ടെത്തിയെങ്കിലും അതിനുള്ള കാരണം തിരിച്ചറിയാനായിരുന്നില്ല. കുഞ്ഞിന്‍റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാര്യമായ വിവരം ലഭിച്ചിരുന്നില്ല. നെയ്യാറ്റിൻകര കവളാകുളത്താണ് ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ ഒരു വയസുള്ള കുട്ടിയുടെ മരണം. കുഞ്ഞിന്‍റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ടായിരുന്നു. ഇത് അറിഞ്ഞില്ലെന്നായിരുന്നു മാതാപിതാക്കൾ നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button