Kerala

ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ തിരുവല്ല സ്വദേശികൾ മരിച്ചു

തിരുവല്ല: തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവല്ല സ്വദേശികൾ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ കെ വി മുരളീധരൻ ( സോമൻ – 65 ), നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ മോഹനൻ ( 65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോഹനൻ വ്യാഴാഴ്ച പുലർച്ചെയും മുരളീധരൻ വ്യാഴാഴ്ച ഉച്ചയോടെയും ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കേളമംഗലം പറത്തറ പാലത്തിന് സമീപം ആയിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നും സ്കൂട്ടറിൽ തകഴിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് നിയന്ത്രണം തെറ്റി എത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെയും സ്കൂട്ടറുമായി 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിർത്തിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നതാണ് പറയപ്പെടുന്നത്.

തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കൾ: സനോജ്, സജി . മരുമക്കൾ സോബിയ, പ്രസീത. മിനി മോഹൻ ആണ് മരണപ്പെട്ട മോഹനന്റെ ഭാര്യ. മകൾ : രമ്യ. മരുമകൻ : സുനിൽകുമാർ. ഇരുവരുടെയും സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പുകളിൽ നടക്കും.

Related Articles

Back to top button