India

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.

കേസിൽ കഴിഞ്ഞ മാർച്ച് 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തേ കോടതി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഉടൻ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നതിനെ എതിർക്കാൻ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു തുഷാർ മേത്തയുടെ വാദം. എന്നാൽ, ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Related Articles

Back to top button