ചെന്നൈ: തേനിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
ഞായറാഴ്ച തേനി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്തിനു ശേഷം തിങ്കളാഴ്ച രാവിലെ ഡിണ്ടുഗൽ റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, പെൺകുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെൺകുട്ടിയെ ഡിണ്ടുഗൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് തേനിയിലായതിനാൽ കേസ് തേനി ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗൽ പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചതായും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.