കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലർച്ചെ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നു വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം.
മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. രാത്രിയാണ് ഇരുവരും വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചത്.
തെലങ്കാനയിൽനിന്നുള്ള 19 ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു. ബസിലേക്ക് കാർ ഇടിച്ചു കയറിയ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രിയിലാണ്.