Kerala

കോട്ടയത്ത് ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. വടവാതൂർ സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് പരുക്കേറ്റു. റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആണ് സംഭവമുണ്ടായത്.കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുർ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടന്നുപോകുമ്പോൾ വഴിയിൽ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് രഞ്ജിത്തിന് വെട്ടേറ്റത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാൽ നിലത്തുവീണ രഞ്ജിത്തിനെ അജേഷ് വീണ്ടും ആക്രമിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ അജേഷ് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രഞ്ജിത്തിന് ഇടതുകയ്യിലാണ് വെട്ടേറ്റത്. സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിജോയുെട വലതുകയ്യിലും നെഞ്ചിലുമാണ് വെട്ടേറ്റത്.

അതേസമയം അജേഷിന് ഭാര്യയെ വലിയ സംശയമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരോടും ഇയാൾ തര്‍ക്കിച്ചിരുന്നു. സമാനമായ മാനസിക അവസ്ഥയിലാണ് ഇന്നലെയും ഇയാൾ കൊല്ലപ്പെട്ട രജിത്തിന് നേരെയും ആക്രമണം നടത്തിയത്. പ്രതി അജേഷിൻ്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button