ചങ്ങനാശേരി നഗരമധ്യത്തിൽ പെൺകുട്ടിക്കു നേരെ അതിക്രമം
ചങ്ങനാശേരി: രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ നഗരമധ്യത്തിൽ യുവാവിന്റെ അതിക്രമം. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം. തടയാൻ ശ്രമിച്ച വ്യാപാരികൾക്കും ഓട്ടോക്കാർക്കും നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളകുസ്പ്രേ അടിച്ചു. സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ പിന്നീടു കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. എന്നാൽ പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷമെന്ന് ആക്ഷേപം.
പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെൺകുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും യുവാവിനെ തടഞ്ഞുവച്ച് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ ഈ സമയം റോഡിലൂടെ നടന്നു വന്ന 2 യുവാക്കൾ ആൾക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടിരക്ഷപെട്ടു.
പിന്നാലെ സ്ഥലത്തെത്തിയ ജോബ് മൈക്കിൾ എംഎൽഎയും പൊലീസിനെ വിളിച്ചു. എന്നിട്ടും, ഏറെക്കഴിഞ്ഞാണു പൊലീസ് സംഘം 2 ജീപ്പുകളിലെത്തിയത്. കൃത്യസമയത്തെത്താതിരുന്ന പൊലീസിനെ എംഎൽഎ ശകാരിച്ചു എന്നാണ് റിപ്പോർട്ടുകൾ. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.