പത്തനംതിട്ടയിൽ പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും
പഠനവൈകല്യമുള്ള പതിനാലുകാരിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 1. എ ഡി എസ് സി 1 താണ് വിധി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. ഓമല്ലൂർ ഊപ്പമൺ പാലക്കൽ വീട്ടിൽ ബാബു ജോർജ്ജി(48)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പിഴ കൊടുക്കിയില്ലെങ്കിൽ 4 വർഷം അധികകഠിന തടവ് അനുഭവിക്കണം.
വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എ ആർ ലീലാമ്മയാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം 85 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഭീഷണിപ്പെടുത്തിയ കുറ്റത്തിന് മൂന്നുവർഷവും,, ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം രണ്ട് വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ചൊരു കാലയളവിൽ അനുഭവിച്ചാൽ മതി.
എ എസ് ഐ ആൻസി, സി പി ഓ കൃഷ്ണ കുമാരി എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി.നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാനും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കാനും കോടതി നിർദേശിച്ചു.