
അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്
ഇതിനിടെ മിഡിൽ ഈസ്റ്റിലേക്ക് ഉള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. അബുദാബി, യുഎഇ (AUH), ദമ്മാം, സൗദി അറേബ്യ (DMM), ദോഹ, ഖത്തർ (DOH), ദുബായ്, യുഎഇ (DXB), ജിദ്ദ, സൗദി അറേബ്യ (JED), മസ്കറ്റ്, ഒമാൻ (MCT), റിയാദ്, സൗദി അറേബ്യ (RUH), ടെൽ അവീവ്, ഇസ്രായേൽ (TLV) എന്നീ സർവീസുകളാണ് റദ്ദാക്കിയത്. വെസ്റ്റ് ഏഷ്യയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളുംഎയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.






