
ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു.കണ്ഠരര് രാജീവരരെ ആദ്യ കേസിലും പ്രതിയാക്കും. പാളികള്‍ പുറത്തുകൊണ്ടുപോകുന്നത് തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടി ദ്വാരപാലക കേസില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ എസ്‌ഐടി കോടതിയുടെ അനുമതി തേടും. കേസില്‍ ചൊവ്വാഴ്ച അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി കോടതിക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത പത്മകുമാറിന്റെയും ഗോവര്‍ധന്റെയും മൊഴികളാണ് സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കുരുക്കായത്. പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി അനുജ്ഞ രേഖാമൂലം നല്‍കിയില്ലെന്നും പത്മകുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ഗോവര്‍ധനും പറഞ്ഞിരുന്നു. കൂടാതെ, ദേവസ്വം ജീവനക്കാരുടെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയാവുകയായിരുന്നു.
തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും 2008ല്‍ പോറ്റി ശബരിമലയിലെത്തിയതായും ജീവനക്കാര്‍ മൊഴി നല്‍കി. ഇന്നലെയാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ നിര്‍ണായക നീക്കമായി എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്.






