
തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് അപരിചിതൻ ഉപദ്രവിച്ചതിനെ കുറിച്ചും, ചെറുപ്പകാലത്ത് പുരുഷന്മാർ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചതിനെ കുറിച്ചും പാർവതി വെളിപ്പെടുത്തി.ഈ ദുരനുഭവങ്ങൾ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞതെന്നും, കുടുംബാംഗങ്ങളല്ലാത്തവരുടെ സ്പർശനങ്ങൾ തനിക്ക് എന്നും അതിക്രമങ്ങളായിരുന്നുവെന്നും പാർവതി പറയുന്നു. ലിഫ്റ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ ആളെ തല്ലിയ സംഭവത്തെ കുറിച്ചും പാർവതി വെളിപ്പെടുത്തി.സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു നേട്ടമല്ലെന്നും, സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥ പുരുഷന്മാർ മനസ്സിലാക്കണമെന്നും പാർവതി കൂട്ടിച്ചേർത്തു.
‘ലൈംഗികതയെ കുറിച്ചുള്ള എന്റെ ആദ്യ ധാരണ ടൈറ്റാനിക് സിനിമയിൽ നിന്നാണ്. ആ ഉമ്മ വയ്ക്കുന്ന രംഗം. നമ്മളിൽ പലർക്കും അങ്ങനെ തന്നെയാവും ചിലപ്പോൾ ജാക്കിന്റെയും റോസിന്റെയും പർപ്പിൾ നിറമുള്ള ടൈറ്റാനിക് ടി ഷർട്ട് എനിക്കുണ്ടായിരുന്നു. ജാക്കിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്നൊന്നും കിസ് എന്ന്പറഞ്ഞാൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ആ ടി ഷർട്ടിൽ ഉമ്മ വയ്ക്കുമായിരുന്നു. പിന്നീട് കസിൻ സിസ്റ്റേഴ്‌സുമായി ടൈറ്റാനിക് കാണുമ്പോൾ ‘ദാ സീൻ ഇപ്പോൾ വരുമെന്ന്’ ഞാൻ പറയുമായിരുന്നു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ആന്റിമാരൊക്കെ എന്നെ നോക്കി നിൽക്കുന്നുണ്ടാവും.” പാർവതി പറയുന്നു.
“പിന്നീട് എവിടെ നിന്നാണ് ഇതിനെ കുറിച്ച് മനസിലാക്കിയത് എന്ന് ചോദിച്ചാൽ വളരെ മോശം അനുഭവങ്ങളിൽ നിന്നാണ് മനസിലാക്കുന്നത്. സ്വാനാഥം അനുഭവങ്ങളിൽ നിന്ന് തന്നെയാണ് പഠിച്ചത്. അതിൽ കൂടുതലും മോശം അനുഭവങ്ങളായിരുന്നു. എല്ലാ പെൺകുട്ടികളുടെ കാര്യത്തിലും നിർഭാഗ്യവശാൽ സംഭവിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്നമ്മൾ ജനിക്കുന്നു, വളരുന്നു, പിന്നെ ഉപദ്രവിക്കപ്പെടുന്നു. എല്ലാ പെൺകുട്ടികൾക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടോയെന്ന് ചോദിച്ചയാൾ അതെ എന്ന് തന്നെയാവും മറുപടി.” പാർവതി കൂട്ടിച്ചേർത്തു.
“ഒരിക്കൽ റെയില്‍വേസ്റ്റേഷനില്‍ വച്ച് ഒരു സംഭവമുണ്ടായി, അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു, അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരും. പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു അമ്മ തന്റെ മകളെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ആലോചിച്ചുനോക്കൂ. അതുമാത്രമല്ല, ചില പുരുഷന്മാർ മുണ്ട് പൊക്കി അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് നടന്നു വരുന്നത്. കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടിട്ടുണ്ട്. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് അവർ ചെയ്യുന്നതെന്നോ എനിക്ക് ഒരു ധാരണയില്ലായിരുന്നു. പത്തൊൻപത് വയസ്സ് ആകുമ്പോഴേക്കാണ് നമ്മൾ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത്. അപ്പോഴാണ് ഇത്തരം അനുഭവങ്ങൾ നമ്മുടെ ശരീരത്തിനെയും മനസിനെയും എത്രത്തോളം ആഴത്തിലാണ് ബാധിച്ചതെന്ന് നമ്മൾ തിരിച്ചറിയുന്നത്. മാതാപിതാക്കളിൽ നിന്നല്ലാത്ത ശാരീരിക സ്പർശനങ്ങൾ അതിക്രമങ്ങൾ ആയിരുന്നു എനിക്ക്.”എന്നും പാർവതി പറയുന്നു.






