
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റി. കേസില്‍ റിമാൻഡിലായ രാജീവരെ ഇന്നലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ്ജയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജയിലില്‍ ഭക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരർക്കെതിരെ ചുമത്തിയിരിക്കുന്നത്.






