
ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.എസ്ഐടിയുടെ പരിശോധന ചൊവ്വാഴ്ച സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. ശാസ്ത്രീയ പരിശോധനയുടെ വിശദമായ വിവരങ്ങൾ പുറത്തുവിടാനാകില്ല. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.






