KeralaNews

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ…

പുതിയതായി ആരംഭിച്ച ഷൂ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ ‘ഒരു രൂപ നോട്ടിന് ഷൂ’ ഓഫറിൽ സംഘർഷം. കോഴിക്കോട് മാനാഞ്ചിറയില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഒരു രൂപയുടെ നോട്ടും കൊണ്ട് ആദ്യം എത്തുന്ന 100 ആളുകൾക്ക് ഇഷ്ടമുള്ള ഷൂ തിരഞ്ഞെടുക്കാം എന്നതായിരുന്നു കടയുടമകളുടെ വാഗ്ദാനം.ഈ ഓഫർ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായതോടെ കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നടക്കം ആയിരത്തിലധികം കുട്ടികളും യുവാക്കളുമാണ് പുലർച്ചെ മുതൽ കടയ്ക്ക് മുന്നിലെത്തിയത്. 2000 രൂപയുടെ ഷൂ ഒരു രൂപ കൊണ്ടു വരുന്ന 100 പേര്‍ക്ക് കൊടുക്കാമെന്നും അത് കഴിഞ്ഞ് വരുന്നവര്‍ക്ക് വാച്ച് കൊടുക്കാമെന്നുമാണ് കട ഉടമകൾ പറഞ്ഞിരുന്നത്.

രാവിലെ ഏഴ് മണിമുതൽ ടോക്കൻ കൊടുക്കുമെന്നും 10 മണി മുതൽ ഷൂ വിതരണം ചെയ്യും എന്നായിരുന്നു ഓഫർ നൽകിയ കടയുടെ വാഗ്ദാനം എന്നാൽ ഉദ്ഘാടന സമയം അടുത്തതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും ആളുകൾ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. തിരക്ക് കാരണം നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ കുട്ടികൾക്ക് പരിക്കേറ്റതായും പൊലീസ് ലാത്തി വീശുന്ന ദൃശൃങ്ങൾ പകർത്തിയ കുട്ടിയുടെ ഫോൺ പൊലീസ് മേടിച്ച് ദൃശൃങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ കട ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button