Kerala
വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: നിരവധി മരണം
വയനാട്: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി ടി.സിദ്ദിഖ് എംഎൽഎ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു.
നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 40ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എന്ന് പ്രദേശവാസികൾ പറയുന്നു. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.