Kerala
തിരുവല്ലയിൽ മുളകുപൊടി മുഖത്തെറിഞ്ഞ് വൃദ്ധയുടെ മാല കവർന്നു
തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ വൃദ്ധയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം 73 കാരിയുടെ രണ്ടു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. ഓതറ മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മ (73) യുടെ മാലയാണ് കവർന്നത്.
ചൊവ്വാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം 80വയസുള്ള ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിൽ ആക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും എത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സി.ഐ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു.