KeralaNews

നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ;അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തും…

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്‍റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.

പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്‍ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശിച്ചു. ഇ ആർ ഒ എ ഇ ആർ ഒ, അഡീഷണൽ എ.ഇ.ആർ.ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം എൽപിഎആ‍ർ (വിരമിക്കുന്നതിനു മുൻപുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്.

ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താൻ പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്. കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുളള ബോധവത്ക്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button