
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ പുതിയ ചേതക് വേരിയന്റ് വിപണിയില്‍. ടിവിഎസ് ഓര്‍ബിറ്റര്‍ പോലുള്ള വിപണിയിലെ മറ്റ് എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ വെല്ലുന്ന തരത്തില്‍ താങ്ങാനാവുന്ന വിലയിലാണ് പുതിയ ചേതക് സി25 വിപണിയില്‍ അവതരിപ്പിച്ചത്. 91,399 രൂപയാണ് (എക്‌സ്-ഷോറൂം, ബംഗളൂരു) വില.ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡുകളില്‍ പോലും സുഖകരമായി യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. ഒരു റിയര്‍ വീല്‍ ഹബ് മോട്ടോര്‍ ഉപയോഗിച്ച് ചലിപ്പിക്കുന്ന സ്‌കൂട്ടറിന് 55 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും.
ഫ്‌ലോര്‍ബോര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന 2.5 kWh NMC ബാറ്ററിയില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. 2.2kW പവര്‍, 763mm സീറ്റ് ഉയരം, 107kg ഭാരം എന്നിവയാണ് സ്‌കൂട്ടറിന്റെ മറ്റു സവിശേഷതകള്‍. ഒറ്റ ചാര്‍ജില്‍ 113 കിലോമീറ്റര്‍ റേഞ്ച് ബജാജ് അവകാശപ്പെടുന്നു. മിക്ക നഗര ഉപയോഗത്തിനും ഇത് മതിയാകും.രണ്ടു മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ 0-80 ശതമാനം ചാര്‍ജിങ് വാഗ്ദാനം ചെയ്യുന്നു. നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണ ചാര്‍ജ്ജ്. ഇതിന് 750W ഓഫ്-ബോര്‍ഡ് ചാര്‍ജര്‍ ലഭിക്കും. ഹില്‍ ഹോള്‍ഡ് അസിസ്റ്റും ഉണ്ട്. രണ്ട് പേര്‍ സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറിന് 19 ശതമാനം ഗ്രേഡിയന്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു.ചേതക് സി25ന് ഇരട്ട ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ യൂണിറ്റുകള്‍ ലഭിക്കുന്നു. ബ്രേക്ക് ചെയ്യുമ്പോഴോ, വേഗത്തില്‍ തിരിയുമ്പോഴോ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ.






