KeralaNews

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം..

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.

തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നടപടി ബാധിച്ചേക്കും.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷ താല്‍ക്കാലിമായി മരവിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button