
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. അതേസമയം, കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാർച്ച് 26വരെയാണ് സമ്മേളനം
പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് തന്നെയാകും ഈ സഭാ സമ്മേളനത്തിലെ ഹൈലൈറ്റ്. 29 നാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി രാഷ്ട്രീയവിവാദങ്ങളാകും ഇക്കുറി സഭയെ ചൂട് പിടിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സഭയിലെത്തുക. ശബരമല സ്വർണ്ണക്കൊള്ളയടക്കം നിരവധി വിഷയങ്ങൾ ഉയർത്തി സഭയിൽ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിന്‍റെ തിരിച്ചടി. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. മാർച്ച് 26 വരെ നീളുന്ന അവസാന സമ്മേളന കാലം പ്രക്ഷുബ്ധമാകാനാണ് സാധ്യത.





