സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും അറിയിച്ചു.
മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും, നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.
ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു.