Kerala

വീണ്ടും നിപ മരണം ; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിള്‍ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.ഞായറാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കേരളത്തിലെ 24–ാമത്തെ നിപ്പ മരണമാണ്.

നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button