Kerala

വീഡിയോ കാളിലൂടെ പോലീസെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ

കോയിപ്രം: വീഡിയോ കാളിലൂടെ അന്ദേരി പോലീസെന്നും, സി ബി ഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ്‌ (20) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തിൽ വീട്ടിൽ നിന്നാണ് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

തടിയൂർ സ്വദേശിയുടെ പണമാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിൽ നിന്നും പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും, നരേഷ് ഗോയൽ എന്നയാൾ ഈ ആധാർ കാർഡ് ഉപയോഗിച്ച് 6 കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കാളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയിൽ ഭയന്നുപോയ ഇദ്ദേഹം പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു. ആകെ 37,61,269 രൂപയാണ് പ്രതികൾ വീഡിയോ കാൾ വഴി തട്ടിച്ചെടുത്തത്.

ഒന്നാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണം കോയിപ്രം പോലീസ് ഊർജ്ജിതമാക്കി. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിൻ ജോൺ, സി പി ഓ
അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button