World

കോവിഡ് വാക്സീൻ പിൻവലിച്ച് അസ്ട്രാസെനക

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണ് പിൻവലിക്കുന്നത് എന്നാണ് വിശദീകരണം. പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്.

വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും അസ്ട്രസെനെക അറിയിച്ചു. വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ മാര്‍ച്ച് അഞ്ചിന് കമ്പനി തയ്യാറാക്കിയിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സീനാണ് കോവിഷീല്‍ഡ്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്. ജാമി സ്കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയിൽ നൽകിയത്. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. അതേസമയം, വാക്സീനെടുത്ത് 21 ദിവസത്തിനകമാണ് പാർശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം.

Related Articles

Back to top button