
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കില്‍ 51 സീറ്റ് നേടി ഭരണത്തില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
അതേസമയം എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.കൂടാതെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ കൊരമ്പയില്‍ സുബൈദ 222 വോട്ടുകള്‍ക്ക് വിജയിച്ചു.






