
കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു.ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്.
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.കൊലപാതകക്കേസിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. ഇതിനായി കുട്ടിയെ പിതാവ് പ്രണവിന്റെ അടുത്താണ് കിടത്തിയിരുന്നത്. പിന്നീട് ശരണ്യയുടെ ഫോൺ വിവരങ്ങളും ശാസ്ത്രീയ പരിശോധനകളും നടത്തിയ പൊലീസ് അമ്മയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു.






