
ആണുങ്ങളെ വിശ്വസിക്കാം, പക്ഷെ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി. ജയചന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും തങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ മെന്‍സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബസന്തിയുടെ പ്രതികരണം.
‘സത്യം പറഞ്ഞാല്‍ ഞാനുമൊരു അതിജീവിതയാണ്. പെട്ടെന്ന് ഒരു ദിവസം, ഉറക്കത്തില്‍ അടി കിട്ടിയത് പോലെ ഈ കേസ് വന്നപ്പോള്‍ ജയേട്ടന്റെ കൂടെ അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നുമില്ല. ഞാനാണെങ്കിലും കൂടെ നടക്കുന്നുണ്ടെങ്കിലും പുറം ലോകവുമായി ബന്ധങ്ങളൊന്നുമില്ലാത്ത ആളാണ്. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ആണുങ്ങളെ വിശ്വസിക്കാം. പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. കുറച്ച് സ്ത്രീകളെ” ബസന്തി പറയുന്നു.കുറച്ച് സഹൃത്തുക്കളൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷെ സ്ത്രീകളുടെ ഭാഗത്തു നിന്നുമാണ് കൂടുതല്‍ പണി കിട്ടിയിട്ടുള്ളത്. അതുകൊണ്ട് സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് ഈ കേസില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്തവരാണ്. കമന്റില്‍ വരുന്ന തെറികള്‍ ശ്രദ്ധിക്കണം. മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തില്‍ അവരാണ് തെറി വിളിച്ചത്. ഞാന്‍ മാന്യമായാണ് സംസാരിച്ചത്.
എനിക്ക് പറയാനുള്ളത് സ്ത്രീകളോടാണ്. എന്തെങ്കിലും ദേഷ്യം വരുമ്പോള്‍ ആണുങ്ങളെ കള്ളക്കേസ് കൊടുത്ത് ജയിലടയ്ക്കാന്‍ നേരം ചിന്തിക്കണം, അവര്‍ക്കുമൊരു കുടുംബമുണ്ട്. ഞങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശക്തമായി തിരികെ വരും. സത്യം എന്നൊന്നുണ്ട്. ചേട്ടന്‍ ശക്തമായി തിരികെ വരും. കാരണം ചേട്ടന്‍ അത് ചെയ്തിട്ടില്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് എനിക്കാണ്. ഞാന്‍ കൂടെ തന്നെയുണ്ടാകും” എന്നും ബസന്തി പറയുന്നു.
തനിക്കെതിരായ പോക്‌സോ കേസിന്റെ സമയത്ത് കൂടെ നിന്നത് ഭാര്യ മാത്രമാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ഭാര്യ ഇല്ലെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മഞ്ജു വാര്യരെ അഭിനന്ദിച്ചും ആര്‍ത്തവത്തേയും സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ജയചന്ദ്രന്‍ വിമര്‍ശനം നേരിട്ടിരുന്നു. ആര്‍ത്തവത്തെയും സ്ത്രീകളുടെ പ്രശ്‌നങ്ങളേയും നിസാരവത്കരിച്ചുവെന്നായിരുന്നു വിമര്‍ശനം. ഈ സമയത്ത് ജയചന്ദ്രന് പിന്തുണ നല്‍കുന്ന, വിമര്‍ശനത്തിന് മറുപടി നല്‍കുന്ന ബസന്തിയുടെ ഓഡിയോ വൈറലായിരുന്നു.






