Kerala

വർക്കല ക്ലിഫിൽനിന്ന് ചാടിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തൽ; സുഹൃത്തുക്കൾ അറസ്റ്റിൽ

നാല് ദിവസത്തോളം പലയിടങ്ങളിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിയുടെ മൊഴിയിലുണ്ട്

തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലി സ്വദേശിനി വർക്കല പാപനാശം ഹെലിപ്പാടിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, വർക്കല പോലീസ് തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കൂട്ട ബലാത്സംഗ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മറ്റൊരു പ്രതി ദിനേശൻ ഒളിവിലാണ്.

ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 ഓടെ പാപനാശം ഹെലിപ്പാഡ് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അബോധാവസ്ഥയിൽ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തിരുന്നു.

സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ തന്നെ ജ്യൂസിൽ ലഹരി നൽകിയെന്നും പലയിടങ്ങളിൽ കൊണ്ടു പോയി നാല് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. മദ്യവും ഇവർ നിർബന്ധിപ്പിച്ചു കുടിപ്പിച്ചതായി യുവതി പറയുന്നു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ യുവതി താഴ്ചയിലേക്ക് ചാടിയപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. യുവതിയെ ബന്ധുക്കൾ എത്തി നാഗർകോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർചികിത്സയ്ക്കായി മാറ്റി.

Related Articles

Back to top button