നാളെ മുതല്‍ അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരും
Prices of essential medicines will increase by up to 12%
പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള അവശ്യമരുന്നുകളുടെ വില നാളെ ഉയരും. അവശ്യമരുന്നുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 12 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാകുക. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ തുടർന്നാണിത്.
മരുന്നുകള്‍ക്ക് 12 ശതമാനത്തോളം വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മരുന്ന് വില നിയന്ത്രണ സ്ഥാപനം നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് മരുന്നുകളുടെ വില ഉയരുന്നത്.
384 മരുന്ന് തന്മാത്രകൾ (മോളിക്യൂൾസ്) ഉൾപ്പെടുന്ന 800 ലധികം മരുന്നുകളുടെ (ഫോർമുലേഷൻസ്) വിലയിലാണ് വർധനവ് രേഖപ്പെടുത്തുക. ഇവ നിലവിൽ വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടവയാണ്. വില നിയന്ത്രണത്തിനു പുറത്തുള്ള നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും 10 % വർധനയുണ്ടാകും. ചില മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയും വര്‍ധിക്കും. എൻപിപിഎ മരുന്നുകളുടെ പുതുക്കിയ വില ഉടന്‍ പുറത്ത് വിടും.
നോൺ-ഒപിയോയിഡ് വേദനസംഹാരികൾ, ആന്റിപൈറിറ്റിക്സ്, നോൺ-സ്റ്റിറോയിഡൽ ആന്റി ഇന്‍ഫ്ലാമേറ്ററി മരുന്നുകളായ പാരസെറ്റമോൾ, ഡിക്ലോഫെനാക്, ഇബുപ്രോഫെൻ എന്നിവയുടെ വില ഉയരും. കൂടാതെ ഫെന്റനൈൽ, മോർഫിൻ, ട്രമഡോൾ തുടങ്ങിയ ഒപിയോയിഡ് വേദനസംഹാരികളുടെ വിലയും വര്‍ധിക്കും. അമോക്സിലിൻ, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ, ബെൻസിൽ പെൻസിലിൻ, ഡോക്സിസൈക്ലിൻ, ജെന്റെമൈസിൻ തുടങ്ങി വ്യാപകമായി ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകളുടെ വിലയും കൂടും.
പുതുക്കിയ വില എൻപിപിഎ ഉടൻ പുറത്തുവിടും.