
വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പുല്‍പ്പള്ളിയിലെ പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകളാണ് ആക്രമണത്തിന് ഇരയായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ അയല്‍വാസിയായ രാജു വീട്ടിലെത്തി വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയുടെ ശരീരമാകെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എസ്പിസി കേഡറ്റ് ആണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി. പെണ്‍കുട്ടി വീട്ടിലെത്തിയതിന് പിന്നാലെ എസ്പിസി കേഡറ്റ് യൂണിഫോം തനിക്ക് വേണമെന്ന് രാജു ജോസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പിന്നാലെ രാജു വീട്ടിലെത്തി സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിക്ക് മേല്‍ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.






