Kerala

പത്തനംതിട്ടയിൽ ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു.

പിന്നീട് കുട്ടി വിവരം അമ്മയോട് പറഞ്ഞതിനെ തുടർന്ന് മാതാവ് കോയിപ്രം പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വെച്ച് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നാലെ തിരുവല്ല ജെ എഫ് എം കോടതി ഒന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തിൽ പോലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ പോലീസ് കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button