
മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു കൃഷ്ണനെ സർവ്വീസില്‍ നിന്നും പുറത്താക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആര്യയുമായുള്ള പ്രശ്നമല്ല യദുവിനെ പുറത്താക്കാനുള്ള കാരണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. യദു താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’യദു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ ഫോണ്‍ വെച്ച് ഒരാളോട് ഫോണില്‍ സംസാരിച്ചു. ഇക്കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്’, മന്ത്രി പറഞ്ഞു. ആര്യയും യദുവും തമ്മിലുണ്ടായ പ്രശ്നം മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തന്നോട് സംസാരിച്ചിട്ടില്ലെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്. പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.






