റാന്നിയിൽ ബാറിൽ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു
റാന്നിയിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തോടെ റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തും ബാറിലേക്ക് മദ്യപിക്കാനെത്തിയപ്പോൾ ഇവിടെ വച്ച് മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്പുണ്ടായ വിഷയത്തിന്റെ പേരില്‍ തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ മർദിക്കുകയും ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചു അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചു മുറിക്കുകയും ആയിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.